വൈദ്യുതി നിയമ ഭേദഗതി ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നു

വൈദ്യുതി നിയമം 2003 ഭേദഗതി ചെയ്യുന്നതിന് ഉദ്ദേശിച്ചുകൊണ്ട്  കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വൈദ്യുതി (ഭേദഗതി) ബില്‍ 2018 രാജ്യത്തിന്റെ ഫെഡറല്‍ ഭരണ ക്രമം അട്ടിമറിക്കുന്നതും വൈദ്യുതി മേഖലയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്നതുമാണെന്ന് ഇതു സംബന്ധിച്ച് സംസ്ഥാന വൈദ്യുതി ബോര്‍ഡ് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ അഭിപ്രായമുണ്ടായി. തിരുവനന്തപുരത്ത് റസിഡന്‍സി ടവറില്‍ നടന്ന ശില്‍പ്പശാല സംസ്ഥാന വൈദ്യുതി മന്ത്രി ശ്രീ എം.എം. മണി ഉല്‍ഘാടനം ചെയ്തു. വൈദ്യുതി ബോര്‍ഡ് സി.എം.ഡി. ശ്രീ എന്‍.എസ്.പിള്ള അദ്ധ്യക്ഷനായിരുന്നു. പ്ലാനിംഗ് ബോര്‍ഡ് അംഗം സി. ജയരാമന്‍, സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ശ്രീ ടി.എം.മനോഹരന്‍, റഗുലേറ്ററി കമ്മീഷന്‍ മുന്‍ അംഗം ശ്രീ പി. പരമേശ്വരന്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ശ്രീ. വി. സി. അനില്‍കുമാര്‍, ഇ.എം.സി. ഡയറക്ടര്‍ ധരേശന്‍ ഉണ്ണിത്താന്‍, അനര്‍ട്ട് ഡയറക്ടര്‍ ഡോ. ഹരികുമാര്‍, ഡോ. വി. ശിവദാസന്‍, വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍മാര്‍, വിവിധ ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, വൈദ്യുതി ബോര്‍ഡിലെ തൊഴിലാളികളുടേയും ഓഫീസര്‍മാരുടേയും സംഘടനാ പ്രതിനിധികള്‍ തുടങ്ങി വൈദ്യുതി മേഖലയില്‍ നിന്നുള്ള നൂറോളം വിദഗ്ദ്ധന്‍മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

വൈദ്യുതി നിയമം 2003 ഭേദഗതി ചെയ്യുന്നതിന് 2014ല്‍ ഒരു നിയമ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു.  വൈദ്യുതി വിതരണ മേഖലയെ വിതരണം, സപ്ലൈ എന്നിങ്ങനെ രണ്ടാക്കി വിഭജിച്ചുകൊണ്ട് കണ്ടന്റും കാര്യേജും വേര്‍തിരിക്കുന്നതിനുള്ള നിര്‍ദ്ദേശമായിരുന്നു ഈ നിയമഭേദഗതിയിലെ പ്രധാന നിര്‍ദ്ദേശം. റഗുലേറ്ററി കമ്മീഷനുകളുടെ നിയമനം, താരീഫ് നയം തുടങ്ങിയ കാര്യങ്ങളിലടക്കം ഒട്ടേറെ ഭേദഗതികള്‍ വൈദ്യുതി (ഭേദഗതി) ബില്‍ 2014ല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിലെ പലവ്യവസ്ഥകള്‍ക്കെതിരേയും രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തിലാണ് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പുതുക്കിക്കൊണ്ട് ബില്‍ 2018 പുറത്തിറക്കിയിരിക്കുന്നത്.

കണ്ടന്റും കാര്യേജും വേര്‍തിരിക്കണം എന്നതില്‍ പുതുക്കിയ ഭേദഗതിയില്‍ മാറ്റമൊന്നും വരുത്തിയീടില്ല. എന്നാല്‍ ഇതിന്റെ സമയക്രമം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയുംവിധം വൈദ്യുതി വിതരണ മേഖലയെ വിഭജിക്കുന്നതിനുള്ള കൈമാറ്റ പദ്ധതി തയ്യാറാക്കി അംഗീകരിക്കുന്നതിന്  സംസ്ഥാനങ്ങള്‍ക്ക്  അധികാരം നല്‍കിയിട്ടുണ്ട്.  എന്നാല്‍ കണ്ടന്റും കാര്യേജും വേര്‍തിരിക്കുന്നത് റവന്യൂ ശേഷി കൂടിയ ഉപഭോക്താക്കളെ സ്വകാര്യ മേഖലക്ക്  തട്ടിയെടുക്കാന്‍ അവസരം നല്‍കുകയും റവന്യൂ ശേഷി കുറഞ്ഞ സാധാരണ ഉപഭോക്താക്കളുടെ ബാദ്ധ്യത പൊതുമേഖല വഹിക്കേണ്ടി വരുകയും ചെയ്യും എന്ന വിമര്‍ശനം മറികടക്കുന്നതിന് നിയമത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ സാധാരണ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ദോഷകരമായാണ് മാറിയിട്ടുള്ളത്.

വന്‍കിട ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന വൈദ്യുതി നിരക്ക് ഏര്‍പ്പെടുത്തി സാധാരണ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്ന ക്രോസ് സബ്‌സിഡി സമ്പ്രദായം തുടക്കത്തില്‍ 20% ആയി കുറക്കുകയും  മൂന്നു വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ്  നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു മാറ്റം. ക്രോസ് സബ്‌സിഡി 20% ആയി കുറക്കുമ്പോള്‍ തന്നെ കേരലത്തിലെ ഗാര്‍ഹിക കാര്‍ഷിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് രണ്ടിരട്ടിയിലധികം വര്‍ദ്ധിക്കും. ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതമാണ് ഈ ഭേദഗതി സൃഷ്ടിക്കുക.


സാധാരണക്കാര്‍ക്ക് നിരക്കിളവ് നല്‍കുന്ന നിലയില്‍ സര്‍ക്കാര്‍ എന്തെങ്കിലും  സബ്‌സിഡി അനുവദിക്കുകയാണെങ്കില്‍ അത് നിരക്കില്‍ കുറക്കരുത് എന്നും നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കണം എന്നും ഭേദഗതി നിര്‍ദ്ദേശിക്കുന്നു. ഇതും സാധാരണ ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്നതാണ്.

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനുകളുടെ നിയമനത്തിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും എന്ന് നിയമഭേദഗതിയിലും പറയുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന അഞ്ചോ ആറോ അംഗങ്ങളുള്ള ഒരു സെലക്ഷന്‍ കമ്മിറ്റിയാണ് റഗുലേറ്ററി കമ്മീഷനിലേക്കുള്ള അംഗങ്ങളേയും ചെയര്‍മാനേയും നിര്‍ണ്ണയിക്കുക എന്നാണ് ഭേദഗതിയില്‍ ഉള്ളത്. സെലക്ഷന്‍ കമ്മിറ്റിയില്‍ സംസ്ഥാനത്തെ ചീഫ് സെക്രട്ടറി അംഗമായിരിക്കുമെങ്കിലും ഫലത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും. നിലനില്‍ക്കുന്ന നിയമത്തില്‍ കേന്ദ്ര താരീഫ് നയം മാര്‍ഗ്ഗനിര്‍ദ്ദേശമായി കണക്കാക്കി താരീഫ് പരിഷ്കരണങ്ങള്‍ നടത്തണം എന്ന നിലയില്‍ ഉള്ള വ്യവസ്ഥ മാറ്റി കേന്ദ്ര താരീഫ് നയം അനുസരിച്ച് താരീഫ് പരിഷ്കരണം നടത്തണം എന്നാണ് ഭേദഗതി നിര്‍ദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വൈദ്യുതി മേഖലയിലുള്ള അധികാരങ്ങള്‍ എടുത്തുകളയുന്നതും അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ കേന്ദ്രീകരിക്കുന്നതുമാണ്.

വൈദ്യുതി ഉല്‍പാദന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കുന്നതായിരുന്നു വൈദ്യുതി നിയമം 2003ലെ വ്യവസ്ഥ. ഇത് മാറ്റി വൈദ്യുതി ഉല്‍പാദന സംരംഭങ്ങള്‍ തുടങ്ങുന്നതിന് കേന്ദ്ര ഇലക്ട്രിസിറ്റി അതോറീറ്റിയുടെ അംഗീകാരം നേടണം എന്ന വ്യവസ്ഥ കൊണ്ടു വന്നതും വൈദ്യുതി ഉല്‍പാദനത്തില്‍ നിശ്ചിത സ്പിന്നിംഗ് റിസര്‍വ് ഉണ്ടായിരിക്കണം എന്ന് വ്യവസ്ഥപ്പെടുത്തിയതുമടക്കമുള്ള നിര്‍ദ്ദേശങ്ങളെ ശില്‍പ്പശാലയില്‍ പങ്കെടുത്ത വിദഗ്ദ്ധന്‍മാര്‍ സ്വാഗതം ചെയ്തു. ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ വൈദ്യുതി മേഖലയില്‍ പൊതുവേയും സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെ പ്രത്യേകമായും ബാധിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ശില്‍പ്പശാല തീരുമാനിച്ചു.