മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കെ.എസ്.ഇ.ബി.യുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി. ജീവനക്കാരില്‍ നിന്ന് സമാഹരിക്കുന്ന തുകയുടെ രണ്ടാം ഗഡുവായ 10 കോടി രൂപയുടെ ചെക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിക്ക് കൈമാറി. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ്., കെ.എസ്.ഇ.ബി. ഡയറക്ടര്‍മാരായ പി. സുരേന്ദ്ര, ബിജു ആര്‍., സജീവ് ജി., സജി പൌലോസ്, ശിവദാസ് എസ്., പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ രേഷ്മ എല്‍ദോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് ധനം സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തൊഴിലാളി – ഓഫീസര്‍ സംഘടനകളുമായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. അഞ്ചു ദിവസത്തെ ശമ്പളം മൂന്ന് ഗഡുക്കളായി നല്‍കാനാണ് തീരുമാനിച്ചത്. ഒന്നാംഗഡു 11.09.2024-ന് കൈമാറിയിരുന്നു. രണ്ടു ഗഡുക്കളായി 20 കോടി രൂപയാണ് കെ.എസ്.ഇ.ബി. ഇതുവരെ നല്‍കിയിട്ടുള്ളത്. മൂന്നാം ഗഡു ശേഖരിക്കുന്ന മുറയ്ക്ക് നല്‍കുവാനാണ് തീരുമാനം.