‘കെ.എസ്.ഇ.ബി.ക്കാര്‍ക്ക് ഷട്ടില്‍ കളിക്കാന്‍ 35 ലക്ഷത്തിന്റെ കോര്‍ട്ട്;
ചോരുന്നത് നാട്ടുകാരുടെ കീശ’ എന്ന തലക്കെട്ടില്‍ ഒരു മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാവിരുദ്ധം: കെ.എസ്.ഇ.ബി.
കെ എസ് ഇ ബി ലിമിറ്റഡിൻ്റെ കോതമംഗലം ജനറേഷന്‍ സര്‍ക്കിളിനു കീഴിലെ ലോവര്‍ പെരിയാര്‍ പവര്‍ഹൌസില്‍ 35 ലക്ഷം രൂപ ചെലവിട്ട് ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മാണം നടത്തിയെന്നും നിര്‍മ്മാണ ചെലവ് 20 ലക്ഷം കടന്നപ്പോള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടെന്നും ഒരു മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. ഈ വാർത്ത വസ്തുതകൾക്ക് നിരക്കുന്നതല്ല.
ജീവനക്കാരുടെ നൂറിലധികം കുടുംബങ്ങള്‍ ലോവര്‍ പെരിയാര്‍, തോട്ടിയാര്‍ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായി ലോവർ പെരിയാർ കെ എസ് ഇ ബി കോളനിയിൽ അധിവസിക്കുന്നുണ്ട്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ശാരീരികവും മാനസികവുമായ ഉന്നമനത്തിനായി നിലവിലുണ്ടായിരുന്ന ബാഡ്മിൻ്റൺ കോർട്ടും റിക്രിയേഷൻക്ലബും 2018ലെ പ്രളയകാലത്ത് നശിച്ചുപോയിരുന്നു. ഇവ നവീകരിക്കണമെന്ന ആവശ്യം ജീവനക്കാരുടെ ഭാഗത്തുനിന്നും നിരന്തരമായി ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഉപേക്ഷിക്കപ്പെട്ടിരുന്ന പഴയ സിമെൻ്റ് ഗോഡൗണുകൾ പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്.
ഒരു ഗോഡൗൺ നവീകരിച്ച് ബാഡ്മിൻ്റൺ കോർട്ടും മറ്റേത് നവീകരിച്ച് ചിന്നാര്‍ പദ്ധതിയ്ക്കുവേണ്ടി ഒരു സ്റ്റോറും നിർമ്മിച്ചിരുന്നു. 5.7 ലക്ഷം രൂപ മാത്രമാണ് ബാഡ്മിന്റണ്‍ കോര്‍ട്ടിനായി ചെലവിട്ടത്. ഈ പ്രവൃത്തികൾ പൂർത്തിയാക്കിയത് 2 വർഷം മുമ്പാണ്. ജനറേഷൻ ഡയറക്ടറുടെ ഉത്തരവ് പ്രകാരമാണ് ഈ പ്രവൃത്തി നടന്നത് എന്ന വാർത്തയിലെ പരാമർശവും വസ്തുതകൾക്ക് നിരക്കുന്നതല്ല. ലോവർ പെരിയാർ കോളനിയുടെ ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെ അനുവദനീയമായ ചെലവിടൽ പരിധിക്കുള്ളിൽ നിന്ന് നിർവ്വഹിക്കപ്പെട്ട പ്രവൃത്തികളാണ് ഇവ.
യഥാര്‍ത്ഥ വസ്തുത ഇതാണെന്നും മറ്റുതരത്തില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.