സേവന നിലവാരം സംബന്ധിച്ച് ഉപഭോക്താക്കളുടെ പ്രതീക്ഷ ഉയരുന്നതിനനുസരിച്ച് കെ എസ് ഇ ബി ജീവനക്കാരുടെ പ്രവര്‍ത്തന നിലവാരവും ഉയരേണ്ടതുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കെ എസ് ഇ ബി ഉപഭോക്തൃ സേവന വാരത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പാലക്കാട് കൊല്ലങ്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കളോട് സംസാരിക്കുന്ന ഭാഷയും, നമ്മുടെ പ്രവർത്തന ശൈലിയും, പ്രവർത്തന നിലവാരവും വളരെ വേഗം മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ഓഫീസുകളിൽ ഫോൺ അറ്റൻഡ് ചെയ്യുന്നവരുടെ സംഭാഷണ ശൈലി മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും നമുക്ക് വളരെയധികം മുന്നേറേണ്ടതുണ്ട്; അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ വചസ്സുകളുടെ അന്തസ്സത്ത മനസ്സിലാക്കി പെരുമാറിയാൽ കെ എസ് ഇ ബിയുടെ പ്രവർത്തനം ഏറ്റവും മികച്ചതായി മാറുമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഉദ്ഘാടനച്ചടങ്ങിന്റെ പ്രാരംഭമായി മന്ത്രിയും വിശിഷ്ടാതിഥികളും ഗാന്ധിചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ദീപം തെളിയിക്കുകയും ചെയ്തു.
നെന്മാറ എം എൽ എ കെ ബാബു അധ്യക്ഷനായ ഉദ്ഘാടനച്ചടങ്ങിൽ കെ എസ് ഇ ബി വിതരണ, സുരക്ഷാ വിഭാഗം ഡയറക്ടർ പി സുരേന്ദ്ര സ്വാഗതം ആശംസിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ചിന്നക്കുട്ടൻ, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ സത്യപാൽ, ജില്ലാ പഞ്ചായത്തംഗം ശാലിനി കറുപ്പേഷ് എന്നിവർ ആശംസ അർപ്പിച്ചു. വിതരണ വിഭാഗം ഉത്തരമേഖലാ ചീഫ് എഞ്ചിനീയറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എ സുരേഷ് വിഷയാവതരണം നടത്തി. പാലക്കാട് സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഗിരിജ റ്റി സി കൃതജ്ഞത പ്രകാശിപ്പിച്ചു.
തുടർന്ന് ഡിവിഷൻതല ഉപഭോക്തൃ സദസ്സ് നടന്നു. ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥർ ഉപഭോക്താക്കളുമായി സംവദിച്ചു.
ഗാന്ധി ജയന്തി ദിനത്തിൽ സംസ്ഥാനവ്യാപകമായി എല്ലാ കെ എസ് ഇ ബി ജീവനക്കാരും അവരുടെ കാര്യാലയങ്ങളിലെത്തി ഉപഭോക്തൃ സേവന സംബന്ധിയായ പ്രവർത്തനങ്ങളിൽ വ്യാപൃതരായി. സേവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും പരിമിതികളെയും കുറിച്ച് ജീവനക്കാർ ചേർന്ന് തുറന്ന് ചർച്ച ചെയ്യുകയും കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കുകയും ചെയ്തു. കൂടാതെ ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതിയുടെ നടത്തിപ്പ് കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികളും കൈക്കൊണ്ടു. പുതിയ കണക്ഷനുകൾ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളിൽതന്നെ നല്‍കുന്നതും കെ എസ് ഇ ബി ലക്ഷ്യമിടുന്നുണ്ട്
ഒക്ടോബർ 2 മുതൽ 8 വരെ ഉപഭോക്തൃ സേവന വാരാചരണത്തിന്റെ ഭാഗമായി ഡിവിഷൻ അടിസ്ഥാനത്തിൽ ഉപഭോക്തൃ സംഗമം സംഘടിപ്പിക്കാനും സംഗമത്തില്‍ ജനപ്രതിനിധികൾ, റെസിഡന്‍സ് അസോസിയേഷൻ പ്രതിനിധികൾ, മത, സാംസ്കാരിക സംഘടനാ പ്രതിനിധികൾ, പൗര പ്രമുഖർ തുടങ്ങിയവരെ ക്ഷണിച്ച് അവരുമായി സംവദിക്കുവാനും കെ എസ് ഇ ബി ഉദ്ദേശിക്കുന്നു. തുടർപ്രവർത്തനം എന്ന നിലയിൽ ഉപഭോക്താക്കളുമായി നിരന്തരം സംവദിച്ച് അവരുടെ സംശയങ്ങളും ആശങ്കകളും പരാതികളും ദൂരീകരിക്കുന്നതിനായി കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ വാര്‍ഡ്തല സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.