|  Visit Old Website

കെടാകുളത്ത് കെ എസ് ഇ ബി ജീവനക്കാർക്കെതിരെ അതിക്രമം; പ്രചരിച്ച വാർത്തകൾ വസ്തുതാവിരുദ്ധം

കെടാകുളത്ത് കെ എസ് ഇ ബി ജീവനക്കാർക്കെതിരെ അതിക്രമം; പ്രചരിച്ച വാർത്തകൾ വസ്തുതാവിരുദ്ധം

കെഎസ്ഇബി കെടാകുളം ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർക്കെതിരെ അതിക്രമമുണ്ടായ വിഷയത്തിൽ ചില മാധ്യമങ്ങൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വാർത്ത നൽകിയത് തികച്ചും ദൗർഭാഗ്യകരമാണ്.   കെ എസ് ഇ ബി അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം ആരായാതെ തികച്ചും ഏകപക്ഷീയമായാണ് ഈ വിഷയം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

 

          ജൂലൈ 20ന് രാത്രി 10:55ന് മീറ്റർ കത്തുന്നു എന്ന ഫോൺ സന്ദേശം കെടാകുളം സെക്ഷനിലേക്ക് എത്തുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സബ്‍‍സ്റ്റേഷനില്‍ വിളിച്ച് 11 കെ വി ഫീഡര്‍ ഓഫ് ചെയ്തതിനു ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈന്‍മാന്‍മാരായ രാജീവ്, സനില്‍കുമാര്‍ എന്നിവര്‍ തങ്ങളുടെ ബൈക്കില്‍ 11.05 ഓടെ ഉപഭോക്താവിന്റെ വീട്ടില്‍ എത്തുകയായിരുന്നു. പരിശോധനയിൽ മീറ്ററിന്റെ ടെര്‍മിനലുകള്‍ കരിഞ്ഞ നിലയിലും ഫ്യൂസ് ഉള്‍‍പ്പെടെ പൊട്ടി, വയറുകള്‍ കരിഞ്ഞും കാണപ്പെട്ടു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹരിക്കുന്നതു വരെ കൂടുതല്‍ അപകടം ഒഴിവാക്കുന്നതിനും ചെറിയ കുട്ടികള്‍ ഉള്‍‍പ്പെടെയുള്ള വീട്ടുകാരുടെ സുരക്ഷ മുന്‍നിര്‍ത്തിയും സര്‍വ്വീസ് വയര്‍ പോസ്റ്റില്‍ നിന്നും കട്ട് ചെയ്ത് മാറ്റി വയ്ക്കുകയുണ്ടായി. കത്തിക്കരിഞ്ഞ വയറും ഫ്യൂസ് യൂണിറ്റും മാറ്റി, വീട്ടിലെ വയറിങ്ങും പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തിയതിനു ശേഷം അറിയിക്കുന്ന മുറയ്ക്ക് കണക്ഷന്‍ നല്‍കുന്നതാണ് എന്ന് പറഞ്ഞ് മടങ്ങുവാനായി ബൈക്കിനടുത്തേക്ക് വന്ന ജീവനക്കാരോട്  ഇപ്പോള്‍ പോകാന്‍ സാധിക്കുകില്ലെന്നും, കണക്ഷന്‍ തിരികെ നല്‍കിയിട്ടു മാത്രമേ തിരിച്ചു പോകുവാന്‍ അനുവദിക്കുകയുള്ളൂ എന്നും പറഞ്ഞ് ഉപഭോക്താവ് അവരെ തടഞ്ഞു വയ്ക്കുകയും അസഭ്യ പദങ്ങൾ പറഞ്ഞ് അവഹേളിക്കുകയും ചെയ്തു.  ജീവനക്കാര്‍ ഉടന്‍ തന്നെ അസിസ്റ്റന്റ് എഞ്ചിനീയറുമായി ഫോണില്‍ ബന്ധപ്പെടുകയും അസിസ്റ്റന്റ് എഞ്ചിനീയര്‍ അയിരൂര്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.   പോലീസ് സംഭവ സ്ഥലത്ത് എത്തുകയും ജീവനക്കാര്‍‍ക്ക് അവിടെ നിന്നും ഓഫീസിലേയ്ക്ക് തിരികെ പോകുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 

          എന്നാല്‍ ജീവനക്കാര്‍ മദ്യപിച്ചുകൊണ്ട് തങ്ങളോട് മോശമായി പെരുമാറിയെന്നും ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഉപഭോക്താവ് ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് കെ.എസ്.ഇ.ബി. ജീവനക്കാരെ തിരികെ വിളിക്കുകയും വര്‍ക്കല താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു.  തുടര്‍ന്ന് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയുണ്ടായി.  ഇവര്‍ മദ്യപിച്ചിരുന്നില്ല എന്ന് താലൂക്കാശുപത്രിയിലെ ഡോക്ടകിയ മെഡിക്കട്ടിഫിക്കറ്റി നിന്ന് വ്യക്തമായിട്ടുണ്ട്. പുലച്ചെ 4 മണിവരെ ഇവരെ പൊലീസ് കസ്റ്റഡിയി നിന്ന് വിട്ടയച്ചുമില്ല.

 

          അടുത്ത ദിവസം അസിസ്റ്റന്റ് എഞ്ചിനീയര്‍, സബ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ ഉപഭോക്താവിന്റെ  വീട്ടിലെത്തുകയും മീറ്ററും അനുബന്ധ ഉപകരണങ്ങളും കത്താനിടയായ സാഹചര്യം പരിശോധിക്കുകയുമുണ്ടായി.  തുടര്‍ന്ന് വിശദമായ പരിശോധന നടത്തി മീറ്ററിന്റെ ടെര്‍മിനല്‍ ബോക്സ്, ഫ്യൂസ്, വയര്‍ എന്നിവ കത്തിയ നിലയില്‍ കണ്ടെത്തിയതിനാല്‍ മഹസ്സര്‍ തയ്യാറാക്കുകയും ചെയ്തു. ഒരു അംഗീകൃത വയര്‍മാനെക്കൊണ്ട് വീട്ടിലെ വയറിംഗും അനുബന്ധ ഉപകരണങ്ങളും ഉള്‍‍പ്പെടെ പരിശോധിപ്പിച്ച് തകരാര്‍ പരിഹരിച്ച് അറിയിച്ചാല്‍ ഉടന്‍ തന്നെ കണക്ഷന്‍ തിരികെ നല്‍കുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉപഭോക്താവിനെ നേരിട്ട് അറിയിച്ചു. 

 

          ജീവനക്കാർക്കെതിരെ അവരുടെ കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തുംവിധമുള്ള അതിക്രമം ഉണ്ടായതിനാൽ അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ നേരിട്ട് പരാതി നല്‍കുകയും ചെയ്തു.  BNS 2023 ന്റെ 121 (1), 132, 296 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പരാതി നല്‍കിയിട്ടുള്ളത്.  പ്രസ്തുത പരാതി 21.07.2024 തീയതിയിൽ എഫ്.ഐ.ആര്‍. നമ്പര്‍. 626/2024 ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

          തുടര്‍ന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉപഭോക്താവിന്റെ വീട്ടിലെത്തി മഹസ്സര്‍ വായിച്ച് കേള്‍പ്പിച്ച് പകര്‍പ്പ് കൊടുക്കാന്‍ ശ്രമിച്ചെങ്കിലും, എനിക്ക് നിങ്ങളുടെ കറണ്ട് ആവശ്യമില്ല എന്നും ഞാന്‍ ചാനലുകാരെ വിളിച്ച് ഇത് അറിയിക്കുമെന്നും അദ്ദേഹം ആക്രോശിക്കുകയുണ്ടായി.  അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉപഭോക്താവിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയും തകരാറ് പരിഹരിച്ച് അറിയിച്ചാല്‍ ഉടന്‍ തന്നെ കണക്ഷന്‍ നല്‍കുമെന്ന് ഉറപ്പു നല്‍കുകയും തന്റെ ഫോണ്‍ നമ്പര്‍ ഉള്‍‍പ്പെടെ കണ്‍സ്യൂമറിന് കൈമാറുകയും ചെയ്തു.  

 

          എന്നാല്‍ ഉപഭോക്താവ് രാത്രി 9.00 മണി വരെ  അസിസ്റ്റന്റ് എഞ്ചിനീയറുമായോ, സെക്ഷന്‍ ഓഫീസുമായോ ബന്ധപ്പെട്ടിരുന്നില്ല.  രാത്രി 9.30-ന് വർക്കല എം.എല്‍.എ.       ശ്രീ. വി. ജോയി, എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഫോണില്‍ വിളിച്ച് എന്തുകൊണ്ടാണ് കണക്ഷന്‍ തിരികെ നല്‍കാത്തതെന്ന് അന്വേഷിച്ചപ്പോള്‍ അപാകതകള്‍ പരിഹരിച്ച് അറിയിച്ചാല്‍ ഉടന്‍ തന്നെ കണക്ഷന്‍ തിരികെ നല്‍കുമെന്ന് ഉപഭോക്താവിനെ അറിയിച്ചിട്ടുണ്ടെന്നും, എന്നാല്‍ അദ്ദേഹം ഇതുവരെ സെക്ഷന്‍ ഓഫീസിലോ അസിസ്റ്റന്റ് എഞ്ചിനീയറുമായോ ബന്ധപ്പെട്ടിട്ടില്ല എന്നും അറിയിക്കുകയുണ്ടായി.  എം.എല്‍.എ. ഉടന്‍ തന്നെ ഉപഭോക്താവുമായി ബന്ധപ്പെടുകയും അവരുടെ ഭാഗത്തെ എല്ലാം പരിശോധിച്ച് റെഡിയാക്കിയിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തു.  തുടര്‍ന്ന് അസിസ്റ്റന്റ് എഞ്ചിനീയറും, രണ്ട് സബ് എഞ്ചിനീയര്‍മാരും, രണ്ട് ലൈന്‍‍മാന്‍മാരും രാത്രി 11.00 മണിയ്ക്ക് ഉപഭോക്താവിന്റെ വീട്ടിലെത്തുകയും, മീറ്ററും വയറും മാറ്റി 12.20-ഓട് കൂടി കണക്ഷന്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.

 

          ജോലി തടസ്സപ്പെടുത്തി ജീവനക്കാരെ ആക്രമിക്കുന്ന സമാനമായ സംഭവങ്ങള്‍ ഈ ഓഫീസിന്റെ പരിധിയില്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.  ജൂലൈ മാസം 11ന് പരാതി പരിഹരിക്കുന്നതിനായി ഉപഭോക്താവിന്റെ വീട്ടില്‍ എത്തിയ ഷാം, രാജീവ് എന്നീ സബ് എഞ്ചിനീയര്‍മാര്‍‍ക്ക് നേരെ ഒരു ഉപഭോക്താവ് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും, തടഞ്ഞു വയ്ക്കകയും, ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും എഫ്.ഐ.ആര്‍. 613/2024 നമ്പരായി പരാതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.  

 

          കെ എസ് ഇ ബി ജീവനക്കാർക്കുനേരെ  തികച്ചും ഏകപക്ഷീയമായി നടക്കുന്ന ഇത്തരം  വ്യാജപ്രചാരണങ്ങൾ ദൗർഭാഗ്യവശാൽ കേരളത്തിലാകെയുള്ള കെ എസ് ഇ ബി ജീവനക്കാരുടെ കർമ്മവീര്യം തകർക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. വാർത്തകൾ യഥാർത്ഥ വസ്തുതകൾ മനസ്സിലാക്കി റിപ്പോർട്ട് ചെയ്യാനും വിശകലനം ചെയ്യാനും മാധ്യമങ്ങൾ ശ്രമിക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു.


Rating

Please rate us and give your valuable feedback if you are satisfied with this KSEBL website service.