കെ.എസ്.ഇ.ബി.യില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് വാര്‍ഷിക മസ്റ്ററിംഗ് വാതില്‍പ്പടിയില്‍ ലഭ്യമാക്കുന്ന സേവനത്തിന് തുടക്കമായി.
വിരമിച്ച ജീവനക്കാര്‍ ഓരോ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ പെന്‍ഷന്‍ നല്‍കുന്ന ഓഫീസില്‍ നേരിട്ട് ഹാജരായി ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പക്കണമെന്നതായിരുന്നു ഇതുവരെയുള്ള നടപടിക്രമം. എന്നാല്‍ പുതിയ പദ്ധതി അനുസരിച്ച് പെന്‍ഷണര്‍ ആവശ്യപ്പെടുന്ന സമയത്ത് പോസ്റ്റുമാന്‍ വീട്ടിലെത്തി പി.ഒ.എസ്. മെഷീനില്‍ വിരലടയാളം ശേഖരിച്ച് മസ്റ്ററിംഗ് നടപടി പൂര്‍ത്തിയാക്കും. കെ.എസ്.ഇ.ബി.യുടെ പെന്‍ഷണര്‍മാര്‍ക്ക് പ്രത്യേകിച്ചും വയോജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ ഈ സേവനം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യാ പോസ്റ്റുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഏറെ നാളായുള്ള പെന്‍ഷന്‍കാരുടെ ബുദ്ധിമുട്ടിന് ഇതോടെ പരിഹാരമായിരിക്കുകയാണ്.
ഇത് സംബന്ധിച്ച കരാര്‍ ഇന്ത്യാപോസ്റ്റ് പെയ്മെന്റ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഗോവിന്ദരാജ് ജി കെ. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ്.-ന് കൈമാറി. കെ.എസ്.ഇ.ബി.യ്ക്കു വേണ്ടി. ഐ.ടി. വിഭാഗം ചീഫ് എന്‍ജിനീയര്‍ സജിതകുമാരി റ്റി.എസ്. ആണ് കരാറില്‍ ഒപ്പ് വച്ചത്.
ഇന്ത്യാപോസ്റ്റ് റീജിയണല്‍ ഹെഡ് മുരുകന്‍ എം., സര്‍ക്കിള്‍ സെയില്‍സ് ഹെഡ് വിവേക് എസ്. ബാബു, ബ്രാഞ്ച് മാനേജര്‍ അരവിന്ദ് രാജ് ഡി., എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സബിത എസ്., അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മനോജ് മാത്യ കുര്യാക്കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.