സംസ്ഥാനത്തെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ഉപഭോഗം നിറവേറ്റാനും ചെലവു കുറഞ്ഞ ജലവൈദ്യുത ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയാണ് 24 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള അപ്പര്‍ചെങ്കുളം ജലവൈദ്യുത പദ്ധതി.
53.22 ദശലക്ഷം യൂണിറ്റ് വാര്‍ഷിക ഉത്പാദനശേഷിയുള്ള ഈ പദ്ധതിയുടെ സിവില്‍ പ്രവൃത്തികളുടെ നിര്‍മ്മാണോദ്ഘാടനം ഇന്ന് (2024 ഒക്ടോബര്‍ 24) വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 2.30ന് ആനച്ചാൽ ശ്രീ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തിൽ അഡ്വ. എ. രാജ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., എം.എം. മണി എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളാകും. വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും.
215 കോടി രൂപയുടെ ഭരണാനുമതിയോടുകൂടിയാണ് അപ്പർ ചെങ്കുളം പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ വെള്ളത്തൂവല്‍ പഞ്ചായത്തിലാണ് പദ്ധതി നിര്‍മ്മിക്കുക. നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്കീം (60MW), ചെങ്കുളം ഓഗ്മെന്റേഷന്‍ സ്കീം (85Mu) എന്നിവ പ്രവർത്തനക്ഷമമാകുന്നതോടെ ചെങ്കുളം ജലാശയത്തിലേക്ക് എത്തുന്ന അധികജലം ഉപയോഗപ്രദമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
2658.91 മീറ്റര്‍ നീളവും, 3.30 മീറ്റര്‍ വ്യാസവുമുള്ള ടണല്‍, 24.8 മീറ്റര്‍ നിളവും, 24.06 മീറ്റര്‍ വീതിയും, 5 മീറ്റര്‍ ആഴവുമുള്ള ഇന്‍ടേക്, 10 മീറ്റര്‍ വ്യാസമുള്ള സര്‍ജ്ഷാഫ്റ്റ്, 2.8 മീറ്റര്‍ വ്യാസവും 985.14 മീറ്റര്‍ നീളവുമുള്ള പ്രഷര്‍ ഷാഫ്റ്റ്, 34.55x 18.7 മീറ്റര്‍ വലിപ്പവുമുള്ള പവര്‍ഹൗസ്, അനുബന്ധ സ്വിച്ച് യാര്‍ഡ് എന്നിവയാണ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്.
പദ്ധതി നിര്‍വ്വഹണത്തിനായി ആകെ 6.24 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായി വരിക. ഇതില്‍ 1.95 ഹെക്ടര്‍ വനഭൂമിയും 1.7209 ഹെക്ടര്‍ പട്ടയഭൂമിയും, 1.9438 ഹെക്ടര്‍ പട്ടയരഹിത ഭൂമിയും, 0.6253 ഹെക്ടര്‍ റോഡ് / തോട് പുറമ്പോക്കും ഉള്‍പ്പെട്ടിരിക്കുന്നു. പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കെ എസ് ഇ ബി ലക്ഷ്യമിടുന്നു.