കേന്ദ്ര സര്‍ക്കാര്‍ 78,000 രൂപ വരെ സബ്സിഡി നല്‍കുന്ന പി എം സൂര്യഘർ പദ്ധതിയിൽ കേരളത്തിന് അഭിമാനപൂർവ്വമായ നേട്ടം. കേന്ദ്ര സര്‍ക്കാരും റിന്യൂവബിള്‍ എനർജി കോര്‍പ്പറേഷനും കൂടി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടിക പ്രകാരം ഇന്ത്യയില്‍ കേരളം രണ്ടാംസ്ഥാനത്ത് എത്തി. ഉപഭോക്താക്കളുടെ ആകെ അപേക്ഷകളിൽ 55.34 ശതമാനം പേരും സോളാര്‍ നിലയം സ്ഥാപിച്ചതുവഴിയാണ് കേരളത്തിന് ഈ അഭിമാന നേട്ടം കൈവരിയ്ക്കാനായത്. ഗുജറാത്ത് മാത്രമാണ് ഇപ്പോള്‍ കേരളത്തിന് മുന്നിലുളള ഏക സംസ്ഥാനം. കെഎസ്ഇബി ആണ് കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷം ഫെബ്രുവരി 13-)0 തീയതി പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രിൽ മാസത്തിൽ തന്നെ ആരംഭിക്കുവാനായി. ഈ പദ്ധതിയിൽ കേരളത്തിൽ 81589 ഉപഭോക്താക്കൾ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതില്‍ 45152 ഉപഭോക്താക്കൾ സോളാർ നിലയങ്ങൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ആകെ 368.20 MW വൈദ്യുതി ലഭ്യമാകുന്ന നിലയങ്ങള്‍ സ്ഥാപിക്കാനുള്ള അപേക്ഷകളിൽ 181.54 MW വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആകുന്ന സൗരനിലയങ്ങൾ ഇതുവരെ പൂര്‍ത്തിയായി. കേരളത്തില്‍ 32877 ഉപഭോക്താക്കൾക്ക് 256.2 കോടി രൂപ സബ്സിഡിയായി ഇതുവരെ ലഭിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ ആയത്.
ഒരു കിലോ വാട്ട് സൗരോർജ പ്ലാൻറ് സ്ഥാപിക്കുവാൻ മുപ്പതിനായിരം രൂപയും രണ്ട് കിലോ വാട്ട് സൗരോർജ പ്ലാൻറ് സ്ഥാപിക്കുവാൻ അറുപതിനായിരം രൂപയും മൂന്നു കിലോ വാട്ടിന് മുകളിലുള്ള സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുവാൻ 78000 രൂപയും സബ്സിഡി നൽകുന്ന പദ്ധതിയാണിത്. മൂന്ന് കിലോ വാട്ടിന്റെ സൗരോർജ പ്ലാൻറ് സ്ഥാപിച്ചാൽ 360 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉത്പാദിപ്പിക്കാൻ കഴിയും. ഉല്പാദിപ്പിക്കുന്ന വൈദ്യുതിയിൽ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെഎസ്ഇബിക്ക് വിൽക്കാനാകും. 885 വെണ്ടർമാരെ പ്ലാൻറ് സ്ഥാപിക്കാൻ കെഎസ്ഇബി എം പാനൽ ചെയ്തു കഴിഞ്ഞു.
വിതരണ ട്രാൻസ്ഫോർമറകളുടെ ശേഷിയുടെ 75 ശതമാനം മാത്രമേ സൗരോർജ നിലയങ്ങള്‍ സ്ഥാപിക്കുവാന്‍ അനുവദിക്കാവൂ എന്ന നിബന്ധനയായിരുന്നുരു പരിമിതിയായി ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇത് 90 ശതമാനമായി ഉയര്‍ത്തിയതോടെ ഈ പ്രശ്നത്തിന് പരിഹാരമായി.
7 ശതമാനം പലിശ നിരക്കിൽ ദേശസാത്കൃത ബാങ്കുകളുടെ ഈടില്ലാത്ത വായ്പ സൗകര്യവും സാധാരണ ജനങ്ങൾക്ക് സോളാർ നിലയങ്ങള്‍ സ്ഥാപിക്കാന്‍ സഹായകമാകുന്നു.
ആകെ ഉപഭോക്താക്കളുടെ ഒരു ശതമാനം മാത്രമാണ് നിലവിൽ കേരളത്തിൽ സൗര നിലയങ്ങൾ സ്ഥാപിച്ചിട്ടുള്ളത്, ആയതിനാൽ പി എം സൂര്യഘർ പദ്ധതിയില്‍ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കേരളത്തിന് കാഴ്ചവയ്ക്കാനാവും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.