“കെ എസ് ഇ ബി മീറ്റർ വാടകയിലൂടെ ഉപഭോക്താക്കളെ പിഴിയുന്നു” എന്ന തരത്തില്‍ കേരള കൌമുദി ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത ഏകപക്ഷീയവും തെറ്റിദ്ധാരണാജനകവുമാണ്.
സിംഗിൾ ഫെയ്സ് മീറ്ററിന് ആറു രൂപയും ത്രീ ഫെയ്സ് മീറ്ററിന് 15 രൂപയുമാണ് പ്രതിമാസ വാടക. വിപണിയിൽ സിംഗിൾ ഫെയ്സ് എനെർജി മീറ്ററിന് 1000 രൂപയോളം വിലയുണ്ട്. വാർത്തയിൽ സൂചിപ്പിച്ചതുപോലെ 612 രൂപയാണ് വില എങ്കില്‍ക്കൂടി 102 മാസം (എട്ടരക്കൊല്ലം) കൊണ്ടാണ് വില ഈടാക്കിത്തീരുക. ത്രീ ഫെയ്സ് മീറ്ററിന്റെ കാര്യവും വ്യത്യസ്തമല്ല. ആജീവനാന്തം, എപ്പോൾ മീറ്റർ കേടായാലും സൗജന്യമായി മാറ്റിസ്ഥാപിക്കുന്നതും സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് പഴയവ മാറ്റി ആധുനികമായ മീറ്ററുകൾ സ്ഥാപിക്കുന്നതും കെ എസ് ഇ ബിയുടെ ഉത്തരവാദിത്തവുമാണ്. കഴിഞ്ഞ 5 കൊല്ലത്തിനുള്ളിൽ 27.56 ലക്ഷം മീറ്ററുകളാണ് ഇത്തരത്തിൽ കെ എസ് ഇ ബി മാറ്റി സ്ഥാപിച്ചിട്ടുള്ളത്.
മീറ്റർ വാടക വാങ്ങുന്നത് കെ എസ് ഇ ബി സ്വയം എടുത്ത ഏതെങ്കിലും തീരുമാനപ്രകാരമല്ല എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ് 2014 ലെ 68 (2) എന്ന വകുപ്പ് അനുസരിച്ചാണ് മീറ്റർ വാടക സ്വീകരിക്കുന്നത്. വാടക നിരക്ക് നിശ്ചയിക്കുന്നതും റെഗുലേറ്ററി കമ്മീഷനാണ്. മീറ്റർ കേടാവുകയാണെങ്കിൽ അത് മാറ്റിവയ്ക്കേണ്ട ഉത്തരവാദിത്തവും കെ എസ് ഇ ബിക്കാണ്. ഉപഭോക്താവ് സ്വയം മീറ്റർ വാങ്ങി അംഗീകൃത ലാബിൽ ടെസ്റ്റ് ചെയ്ത് നൽകുന്നപക്ഷം മീറ്റർ വാടക ഒഴിവാകുകയും ചെയ്യും.