ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുക, ഉപഭോക്താക്കളുമായുള്ള ഹൃദയബന്ധം കൂടുതൽ ഊഷ്മളവും വിശ്വസ്തവുമാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിവിധങ്ങളായ ഉപഭോക്തൃ സൗഹൃദ പരിപാടികളുമായി കെ എസ് ഇ ബി.
ആദ്യപടിയെന്നോണം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് ഉപഭോക്തൃ സേവന ദിനമായും തുടർന്നുള്ള ഒരാഴ്ചക്കാലം ഉപഭോക്തൃ സേവന വാരമായും ആചരിക്കാന്‍ കെ.എസ്.ഇ.ബി. തീരുമാനിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2 രാവിലെ 10-ന് പാലക്കാട്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും.
ഒക്ടോബർ 2ന് ഉപഭോക്തൃ സേവനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരും ഓഫീസർമാരും അവരുടെ കാര്യാലയങ്ങളിൽ എത്തിച്ചേരും. അതത് കാര്യാലയങ്ങളിലെ ഉപഭോക്തൃ സേവന സംബന്ധിയായ പ്രശ്നങ്ങളെയും പരിമിതികളെയും കുറിച്ച് ജീവനക്കാർ ചേർന്ന് ചർച്ച ചെയ്യുകയും സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങ- ളെടുക്കുകയും ചെയ്യും. കൂടാതെ ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതിയുടെ നടത്തിപ്പ് കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും പുതിയ കണക്ഷനുകൾ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളിൽതന്നെ നല്‍കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നതുമാണ്.
ഒക്ടോബർ 2 മുതല്‍ 8 വരെ ഉപഭോക്തൃ സേവന വാരമായി ആചരിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.
ഈ ദിനങ്ങളിൽ ജീവനക്കാർ ചേർന്ന് ഓഫീസും പരിസരവും വൃത്തിയാക്കുകുയും അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റുകയും ചെയ്യും. അതിനു പുറമെ വിതരണ വിഭാഗം കാര്യാലയങ്ങൾ സന്ദർശിക്കുന്ന പൊതുജനങ്ങൾക്ക് സവിശേഷ പരിഗണന നൽകി അവരുടെ പരാതികളും ആശങ്കകളും സംശയങ്ങളും പരിഹരിച്ചു നൽകും.
ഡിവിഷൻ അടിസ്ഥാനത്തിൽ ഉപഭോക്തൃ സംഗമം സംഘടിപ്പിക്കാനും സംഗമത്തില്‍ ജനപ്രതിനിധികൾ, റെസിഡന്‍സ് അസോസിയേഷൻ പ്രതിനിധികൾ, മത, സാംസ്കാരിക സംഘടനാ പ്രതിനിധികൾ, പൗര പ്രമുഖർ തുടങ്ങിയവരെ ക്ഷണിച്ച് അവരുമായി സംവദിക്കുവാനും നിര്‍ദ്ദേശമുണ്ട്.
സേവനത്തിലെ പരിമിതികളും പരാതികളും തിരിച്ചറിഞ്ഞ് പരിഹാര നടപടികൾ സ്വീകരിക്കുന്നതിനായി അഭിപ്രായ സർവ്വേ നടത്താനും, ‘ഉപഭോക്തൃ സദസ്സ് എന്ന പേരിൽ വാട്സാപ് കൂട്ടായ്മകൾ രൂപീകരിച്ച് ഉപഭോക്താക്കളുമായി നിരന്തരം ആശയവിനിമയം നടത്താനും പദ്ധതിയുണ്ട്.
ഉപഭോക്തൃസേവന വാരാചരണത്തിന്റെ ഭാഗമായി വൈദ്യുത പ്രതിഷ്ഠാപനങ്ങളും അവയുടെ പരിസരങ്ങളും വൃത്തിയാക്കുകയും പോസ്റ്റുകളിലേയും ട്രാൻസ്ഫോർമറുകളിലേയും വള്ളിപ്പടർപ്പുകൾ നീക്കം ചെയ്യാനും തുടർപ്രവർത്തനം എന്ന നിലയിൽ ഉപഭോക്താക്കളുമായി നിരന്തരം സംവദിച്ച് അവരുടെ സംശയങ്ങളും ആശങ്കകളും പരാതികളും ദൂരീകരിക്കുകയും ചെയ്യുന്നതിനായി കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ വാര്‍ഡ്തല സമിതികള്‍ രൂപീകരിക്കാനും ലക്ഷ്യമിടുന്നതായി കെ.എസ്.ഇ.ബി. അറിയിച്ചു.