കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പ്രതികൂല നടപടികളെത്തുടർന്ന് യുവസംരംഭക കുഴഞ്ഞു വീണു എന്ന തരത്തിൽ ഒരു ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതകൾക്ക് നിരക്കുന്നതല്ല. കണക്ഷൻ്റെ ഭാഗമായി അനുവദിക്കപ്പെട്ട പരിധിയിലും വളരെ ഉയർന്ന തോതിൽ വൈദ്യുതോപകരണങ്ങൾ ഉപയോഗിച്ചതിനെത്തുടർന്നാണ് മീറ്റർ കത്തുന്ന സാഹചര്യമുണ്ടായത്. ഇതുസംബന്ധിച്ച യഥാര്‍ത്ഥ വസ്തുത താഴെ പറയും പ്രകാരമാണ്.
തൊടുപുഴ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട ജിന്ന മേരി മൈക്കിള്‍, മണക്കാട് എന്നയാളിന്റെ ത്രീ ഫേസ് കണക്ഷനുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നു വന്നത്. നിലവിൽ പാലുല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റായി പ്രവര്‍ത്തിക്കുന്ന പ്രസ്തുത കണക്ഷനില്‍ 4 കെ.വി.എ കണ്കറ്റഡ് ലോഡ് മാത്രമാണ് അംഗീകൃതമായി കാണിച്ചിരുന്നത്. യഥാർത്ഥ കണക്റ്റഡ് ലോഡ് 45 കെവിഎ ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ലോഡ് വർദ്ധിപ്പിക്കേണ്ടതാണെന്ന് ഉപഭോക്താവിനോട് ആവശ്യപ്പെട്ടിരുന്നു. ഉപഭോക്താവിന്റെ അപേക്ഷയെ തുടര്‍ന്ന് 2024 മെയ് 27ന് പവര്‍ അലോക്കേഷന്‍ സര്‍വ്വീസ് നല്‍കുകയുമുണ്ടായി. എന്നാല്‍ ജൂൺ 20ന് മാത്രമാണ് കണക്റ്റഡ് ലോഡ് റെഗുലറൈസ് ചെയ്യുന്നതിനുള്ള അപേക്ഷ നല്‍കിയത്.
ജൂൺ 27ന് തൊടുപുഴ നം 1 സെക്ഷനിലെ സബ് എന്‍ജിനീയര്‍ പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച് ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തിയിരുന്നു. എന്നാല്‍ യാതൊരുവിധ അഡിഷണല്‍ വയറിംഗും ഉപഭോക്താവ് നടത്തിയിരുന്നില്ല. മാത്രമല്ല, അവര്‍ സമര്‍പ്പിച്ച ഡ്രോയിങ് പാറത്തോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള മറ്റൊരു കെട്ടിടത്തിന്റേത് ആയിരുന്നു. ഈ വിവരം ഉപഭോക്താവിനെ സബ് എന്‍ജിനീയര്‍ നേരിട്ട് അറിയിക്കുകയും ഒരു അംഗീകൃത ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ സഹായത്തോടെ കൃത്യമായി വയറിംഗ്ഗ് നടത്തി ഡ്രോയിംഗ് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ജൂലൈ 25ന് പ്രസ്തുത പ്രവൃത്തികൾ 7 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിന് അസിസ്റ്റന്റ് എന്‍ജിനീയര്‍ രേഖാമൂലം നോട്ടീസ് നല്‍കിയിരുന്നു. ഓഗസ്റ്റ് 3ന് പ്രസ്തുത നോട്ടീസിന് മറുപടിയായി അധിക സമയം അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയും 7 ദിവസം കൂടി അനുവദിക്കുകയും ചെയ്തു.
ഓഗസ്റ്റ് 13ന് വീണ്ടും 15 ദിവസത്തെ അധികസമയം ഉപഭോക്താവ് ആവശ്യപ്പെട്ടിരുന്നു. ‘ഇനിയും അധിക സമയം അനുവദിക്കാനാവില്ലെന്നും എത്രയും വേഗം ജോലി പൂര്‍ത്തീകരിക്കേണ്ടതാണെന്നും അതുവരെ അഡീഷണല്‍ ലോഡ് ഉപയോഗിക്കരുതെന്നും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു.
മീറ്റര്‍ കത്തിപ്പോയതായി അവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സബ് എന്‍ജിനീയര്‍ ഓഗസ്റ്റ് 28ന് പരിശോധന നടത്തുകയും സുരക്ഷാ നിർദ്ദേശത്തെ അവഗണിച്ച് അധിക ലോഡ് ഉപയോഗിച്ചതുകാരണമാണ് മീറ്റർ കത്തിയത് എന്ന് മനസ്സിലാക്കുകയും ഉപഭോക്താവിനെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അധികമായി കണക്റ്റ് ചെയ്തിരുന്ന ലോഡ് (45 കെവിഎ) ഒഴിവാക്കിയാല്‍ മാത്രമേ നിലവിലുള്ള മീറ്റര്‍ അതേപടി മാറ്റിവച്ച് കണക്ഷന്‍ പുനസ്ഥാപിക്കാന്‍ കഴിയൂ എന്നും, അല്ലെങ്കില്‍ വയറിംഗിനോടനുബന്ധിച്ച വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് റിവൈസ്ഡ് കണക്റ്റഡ് ലോഡ് സര്‍വ്വീസ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അധിക ലോഡ് എടുക്കുവാന്‍ കഴിയുന്ന സി.ടി. മീറ്റര്‍ സ്ഥാപിക്കാന്‍ കഴിയൂവെന്നും ഉപഭോക്താവിനെ നേരിട്ട് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന്, ഓഗസ്റ്റ് 30ന് വയറിംഗ് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചൂവെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി എസ്റ്റിമേറ്റ് അംഗീകരിക്കുകയുണ്ടായി.
ഓഗസ്റ്റ് 30നുതന്നെ വൈകീട്ട് 5 മണിയോടെ തുക അടച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിച്ചിരുന്നു. കൂടാതെ 49 കിലോവാട്ടായി കണക്റ്റഡ് ലോഡ് ഉയര്‍ത്തി ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ വിഷയത്തില്‍ പത്രവാര്‍ത്തയില്‍ ആരോപിക്കുന്നതുപോലെ ഉപഭോക്താവിന് പ്രതികൂലമായുള്ള യാതൊരു നടപടികളും സെക്ഷന്‍ ഓഫീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.