കേരളത്തിന് 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കെ എസ് ഇ ബി കരാറിലേർപ്പെടുന്നു. ഇന്നുച്ചയ്ക്ക് 1 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറിന്റെയും സാന്നിധ്യത്തിൽ സോളാർ എനർജി കോർപ്പറേഷനുവേണ്ടി ജനറൽ മാനേജർ (കൊമേഷ്യൽ) എ. കെ. നായികും കെ എസ് ഇ ബി എൽ നുവേണ്ടി ചീഫ് എഞ്ചിനീയർ (കൊമേഷ്യൽ) സജീവ് ജി. ഉം കരാറിൽ ഒപ്പുവയ്ക്കും.
സംസ്ഥാനത്ത് വൈദ്യുതി ലഭ്യതക്കുറവ് രൂക്ഷമായ വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭ്യമാകുന്ന കരാറാണ് ഇത്. പകൽ സമയത്ത് സൗരോർജ്ജ വൈദ്യുതിയും പീക്ക് മണിക്കൂറുകളിൽ 2 മണിക്കൂർ നേരം ബാറ്ററി സ്റ്റോറേജ് സിസ്റ്റം വഴിയുള്ള വൈദ്യുതിയുമാണ് ലഭ്യമാകുക. വൈകീട്ട് 250 മെഗാ വാട്ട്/ മണിക്കൂർ എന്ന നിലയിൽ തുടർച്ചയായി 2 മണിക്കൂറോ തവണകളായോ ആവശ്യാനുസരണം ഈ വൈദ്യുതി ഉപയോഗിക്കാനാകും. യൂണിറ്റിന് താരതമ്യേനെ കുറഞ്ഞ നിരക്കായ 3.49 രൂപയ്ക്ക് വൈദ്യുതി ലഭ്യമാകും എന്ന സവിശേഷതയുമുണ്ട്. 2026 സെപ്റ്റംബറോടെ കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമായിത്തുടങ്ങും.
സോളാർ എനർജി കോർപ്പറേഷനുമായി മുമ്പും കെ എസ് ഇ ബി കരാറിലേർപ്പെട്ടിട്ടുണ്ട്. 2022 ലാണ് 300 മെഗാവാട്ടിന്റെ വൈദ്യുതി വാങ്ങൽ കരാർ ഒപ്പുവച്ചത്. 2.44 രൂപയാണ് നിരക്കെങ്കിലും പകൽ മാത്രമേ വൈദ്യുതി ലഭ്യമാവുകയുള്ളു എന്ന പരിമിതിയുണ്ട്. എന്നാൽ, പുതിയകരാർ പ്രകാരം പീക്ക് മണിക്കൂറുകളിലും വൈദ്യുതി ലഭിക്കും.
ചരിത്രത്തിലാദ്യമായി 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കോൾ ലിങ്കേജ് ഇക്കഴിഞ്ഞയാഴ്ച കേരളത്തിന് ലഭ്യമായിരുന്നു. ഇതിലൂടെ സംസ്ഥാനത്തിന് 500 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ വിലയ്ക്ക് ഭാവിയിൽ ലഭ്യമാകും. കോൾ ലിങ്കേജ് സംബന്ധിച്ച കരാറിൽ ഏർപ്പെടാനൊരുങ്ങുകയാണ് കെ എസ് ഇ ബി. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും, കെ എസ് ഇ ബിയുടെയും നിരന്തരമായ ഇടപെടലുകളെത്തുടർന്നാണ് കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ദീർഘകാലാടിസ്ഥാനത്തിലുള്ള വൈദ്യുതോത്പാദനത്തിനായി കൽക്കരി (Coal Linkage) ലഭ്യമാക്കിയത്.