ഇന്ത്യന്‍ സ്മാര്‍ട്ട് ഗ്രിഡ് ഫോറം (ഐ.എസ്.ജി.എഫ്)-ന്റെ എമര്‍ജിംഗ് ഇന്നൊവേഷന് ഇന്‍ ഇലക്ട്രിക് മൊബിലിറ്റി ഡൊമൈന്‍ - ഇ വി & ഇ വി എസ് ഇ റോള്ഔട്ട്സ് വിഭാഗത്തിലെ ഡയമണ്ട് അവാര്‍ഡ് കെ എസ് ഇ ബിക്ക് ലഭിച്ചു. എല്ലാ ചാര്‍ജിംഗ് സ്റ്റേഷനിലും ഉപയോഗിക്കാവുന്ന ‘കെമാപ്’ (KEMapp) എന്ന നൂതന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.
വൈദ്യുത വാഹനരംഗത്ത് അതിവേഗ വളര്‍ച്ച കൈവരിച്ചുകൊണ്ട് കേരളം രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. രണ്ടായിരത്തോളം വൈദ്യുത വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളാണ് കേരളത്തിലുള്ളത്. ഇവ ഉപയോഗിക്കുന്നതിന് വൈദ്യുത വാഹന ഉപഭോക്താക്കള്‍ നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകളെ ആശ്രയിക്കേണ്ട സ്ഥിതി നിലവിലുണ്ടായിരുന്നു. കെ എസ് ഇ ബിയുടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നതിനുതന്നെ അഞ്ചോളം മൊബൈല്‍ ആപ്പുകള്‍ വേണ്ടിവന്നിരുന്നു. എന്നാല്‍ കെമാപ്പിന്റെ വരവോടെ ഏത് ചാര്‍ജിംഗ് സ്റ്റേഷന് ഉപയോഗിക്കുന്നതിനും ഒരൊറ്റ ആപ്ലിക്കേഷന്‍ മതി എന്ന ഗുണമുണ്ടായി. കെമാപ്പിന്റെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുക ലക്ഷ്യമിട്ട് പ്രത്യേക കസ്റ്റമര്‍കെയര്‍ സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കെ എസ് ഇ ബി.