|  Visit Old Website

സെക്ഷന്‍‍ ഓഫീസുകളുടെ പ്രവര്‍‍ത്തനം തടസ്സപ്പെടുത്തരുത് : കെ.എസ്.ഇ.ബി.

സെക്ഷന്‍‍ ഓഫീസുകളുടെ പ്രവര്‍‍ത്തനം തടസ്സപ്പെടുത്തരുത് : കെ.എസ്.ഇ.ബി.

വൈദ്യുതി ഉപയോഗത്തിലുണ്ടായ റെക്കോര്‍‍ഡ് വര്‍‍ദ്ധനവ് കാരണം ഫ്യൂസ് പോയും ഫീഡറുകള്‍‍ ട്രിപ്പായും ചിലയിടങ്ങളിലെങ്കിലും വൈദ്യുതി തടസ്സം ഉണ്ടാകുന്നുണ്ട്.  ഇത് കൂടുതലും സംഭവിക്കുന്നത് രാത്രി എ.സി.യുടെ ഉപയോഗം വര്‍‍ദ്ധിക്കുന്ന സമയത്താണ്.  ഫ്യൂസ് പോകുമ്പോള്‍ ഒരു പ്രദേശമാകെ ഇരുട്ടിലാകും. ഫീഡര്‍ പോകുമ്പോഴാകട്ടെ നിരവധി പ്രദേശങ്ങളില്‍‍ ഒന്നിച്ചാണ് വൈദ്യുതി നിലക്കുന്നത്.  വൈദ്യുതി ഇല്ലാതായത് അറിയുന്ന നിമിഷം തന്നെ അത് പുന:സ്ഥാപിക്കാനായി കെ.എസ്.ഇ.ബി. ജീവനക്കാര്‍ ഒരുക്കം നടത്തുകയും പെട്ടെന്ന്തന്നെ സ്ഥലത്ത് എത്തി തകരാറ് പരിശോധിച്ച് കഴിയുന്നതുംവേഗം വൈദ്യുതി വിതരണം ഉറപ്പ് വരുത്തുകയാണ് ചെയ്യുന്നത്. പല കാരണങ്ങളാല്‍ വൈദ്യുതി തകരാര്‍ സംഭവിക്കാം.  തകരാര്‍ കണ്ടെത്തി മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ. പലപ്പോഴും അപകടകരമായ കാരണങ്ങളുംകൊണ്ടാണ് വൈദ്യുതി നിലയ്ക്കുന്നത്.  അത് കണ്ടെത്തി പരിഹരിച്ച ശേഷമാണ് വൈദ്യുതി വിതരണം നടത്തുന്നത്. വൈദ്യുതി നിലയ്ക്കുന്ന സമയത്ത്‍ സെക്ഷന്‍‍ ഓഫീസില്‍ വിളിക്കുമ്പോള്‍ കോള്‍ ലഭിക്കാതെ വന്നാല്‍ 9496001912-ല്‍‍ വാട്സ്ആപ് സന്ദേശം അയക്കാം.  രാത്രി സമയത്ത്  കെ.എസ്.ഇ.ബി.യുടെ മിക്ക ഓഫീസുകളിലും രണ്ടോ മൂന്നോ ജീവനക്കാര്‍‍ മാത്രമേ ജോലിയ്ക്ക് ഉണ്ടാവാറുള്ളൂ. അപൂര്‍വ്വം ചിലയിടങ്ങളില്‍‍‍ പൊതുജനങ്ങള്‍‍‍ സെക്ഷന്‍‍‍ ഓഫീസുകളിലെത്തി പ്രശ്നമുണ്ടാക്കുന്നതായും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍‍ ശ്രമിക്കുന്നതായും ശ്രദ്ധയില്‍‍പ്പെട്ടിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍‍വ്വഹണത്തില്‍ ഏര്‍‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍‍‍‍ക്കെതിരെ അതിക്രമങ്ങള്‍‍‍ നടത്തരുത്. വൈദ്യുതി നിലയ്ക്കുമ്പോള്‍ അവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് ഞങ്ങള്‍ക്ക് മനസ്സിലാകും. പക്ഷെ ഞങ്ങള്‍‍ക്കുള്ള പരിമിതികള്‍ മാന്യ ഉപഭോക്താക്കള്‍ മനസ്സിലാക്കണം. കൃത്യനിര്‍‍വ്വഹണം തടസ്സപ്പെടുത്തുന്നത് വൈദ്യുതി പുന:സ്ഥാപനം വൈകുന്നതിനും കാരണമാകും.  നിലവിലെ സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കള്‍‍‍ സഹകരിക്കണം എന്ന് അഭ്യര്‍‍ത്ഥിക്കുന്നു.  


Rating

Please rate us and give your valuable feedback if you are satisfied with this KSEBL website service.