കെ എസ് ഇ ബി ലിമിറ്റഡിലെ പ്രോജക്റ്റ്സ് വിഭാഗം പുന:സംഘടിപ്പിച്ചു. ജനറേഷൻ പ്രോജക്റ്റുകൾ ദീർഘകാലമായി ഒച്ചിഴയുന്ന വേഗത്തിൽ നീങ്ങുന്ന പശ്ചാത്തലത്തിലും സിവിൽ വിഭാഗത്തിന്റെ ഉന്നത തലത്തിൽ എഞ്ചിനിയർമാരുടെ അഭാവവും കണക്കിലെടുത്താണ് ഈ തീരുമാനം.
2009 ൽ ആരംഭിച്ച തോട്ടിയാർ (40 മെഗാവാട്ട്) 2007 ൽ ആരംഭിച്ച പള്ളിവാസൽ എക്സ്റ്റൻഷൻ (60 മെഗാവാട്ട്) 2009ൽത്തന്നെ തുടക്കമിട്ട ചെങ്കുളം ഓഗ്മെന്റേഷൻ പദ്ധതി (85 ദശലക്ഷം യൂണിറ്റ്) തുടങ്ങിയവ ഇനിയും പൂർത്തീകരിച്ചിട്ടില്ല. കഴിഞ്ഞ 15 വർഷത്തിനിടയിൽ ജലവൈദ്യുത പദ്ധതികളിൽ നിന്നും പുതുതായി 192.91 മെഗാവാട്ട് ഉത്പാദന ശേഷി മാത്രമാണ് കൈവരിക്കാനായിട്ടുള്ളത്. ഇക്കാലയളവിൽ കേവലം രണ്ട് മെഗാവാട്ട് വൈദ്യുതി മാത്രമാണ് കാറ്റിൽ നിന്ന് ഉത്പാദിപ്പിക്കാനായത്. സൗരോർജ്ജ രംഗത്ത് മാത്രമാണ് ഒരു കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. പുരപ്പുറ സോളാർ സ്ഥാപിക്കുന്നതിലെ ആകർഷകത്വം കൊണ്ടും സർക്കാരിൻറെ നയത്തിൽ വന്ന വ്യത്യാസം കൊണ്ടും കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ആയിരത്തിലധികം മെഗാ വാട്ട് സോളാർ വൈദ്യുതി ഉല്പാദന ശേഷി കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിൽ കെ എസ് ഇ ബിയുടെ സൗരോർജ്ജ നിലയങ്ങളിൽ നിന്നുള്ള ഉത്പാദനശേഷി 229.31 മെഗാവാട്ട് മാത്രമാണ്.
കെ എസ് ഇ ബിയുടെ കണക്കനുസരിച്ച് ഏകദേശം 5000 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളിൽ നിന്നും 3150 മെഗാവാട്ട് പമ്പ്ഡ് സ്റ്റോറേജിൽ നിന്നും 8000 മെഗാ വാട്ട് സൗരോർജ്ജത്തിൽ നിന്നും 3000 മെഗാവാട്ട് കാറ്റാടിയിൽ നിന്നും ഉല്പാദിപ്പിക്കാനുള്ള സാധ്യത കേരളത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ നിലവിലെ സ്ഥിതിയിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 250 മെഗാവാട്ടിൽ താഴെ ഉത്പാദനശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ മാത്രമേ യാഥാർഥ്യമാകാനിടയുള്ളു.
അടിക്കടി ഉണ്ടാകുന്ന സ്ഥലം മാറ്റം കാരണം പ്രോജക്ടുകൾ നടപ്പാക്കുന്നതിൽ എൻജിനീയർമാർക്ക് ആവശ്യമായ സാങ്കേതിക പരിശീലനമോ പരിചയമോ ലഭ്യമാകുന്നില്ല. സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങൾ രണ്ടായി നിയന്ത്രിക്കപ്പെടുന്നതിനാൽ ഇൻവെസ്റ്റിഗേഷൻ, ഡാം നിർമ്മാണം, ജനറേറ്റർ സ്ഥാപിക്കൽ, മറ്റ് കൺട്രോൾ മെക്കാനിസങ്ങൾ സ്ഥാപിക്കൽ എന്നിവയിലൊക്കെത്തന്നെ ഏകോപനത്തിന്റെ അപര്യാപ്തത നിലനിൽക്കുന്നു.
പകൽ സമയത്ത് കേരളത്തിന് ആവശ്യമായ വൈദ്യുതി ഇപ്പോൾ ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും പീക്ക് മണിക്കൂറുകളിലെ വമ്പിച്ച ഉപഭോഗത്തിന് ആവശ്യമായിട്ടുള്ള വൈദ്യുതി നമുക്ക് ഉല്പാദിപ്പിക്കാൻ സാധിക്കുന്നില്ല. കേരളത്തിന്റെ ആകെ വൈദ്യുതി ആവശ്യകതയുടെ ഏകദേശം 30 ശതമാനം മാത്രമാണ് ആഭ്യന്തര വൈദ്യുതോത്പാദനത്തിലൂടെ നിറവേറ്റാൻ കഴിയുന്നത്. ബാക്കി 70 ശതമാനം വൈദ്യുതിയും സംസ്ഥാനത്തിനു പുറത്തുനിന്ന് വാങ്ങി എത്തിക്കുകയാണ്.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ, പെട്ടെന്ന് സ്ഥാപിക്കാവുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുക എന്നുള്ളത് മാത്രമാണ് കെ എസ് ഇ ബിക്ക് ഈ പ്രതിസന്ധി തരണം ചെയ്യാൻ മുന്നിലുള്ള പോംവഴി. ഓഫ്ഷോർ വിൻഡ് ഫാമും വെർട്ടിക്കൽ വിൻഡ് ടർബൈനുകളും തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും പോലുള്ള പുതിയ മാർഗ്ഗങ്ങളുമൊക്കെ വളരെ സങ്കീർണമായ സാങ്കേതിക മേഖലകളാണ്. കാലത്തിനനുസരിച്ച് കെ എസ് ഇ ബി ഈ രംഗങ്ങളിലെ സാങ്കേതികവിദ്യ സ്വായത്തമാക്കിയില്ലെങ്കിൽ കേരളം പിന്നാക്കം പോകും എന്ന കാര്യത്തിൽ തെല്ലും സംശയമില്ല. ഇതെല്ലാം കണക്കിലെടുത്താണ് ചീഫ് എൻജിനീയർ (റീസ്) എന്ന പദവിയുടെ പേര് മാറ്റി ചീഫ് എൻജിനീയർ (പ്രോജക്ട്സ്) എന്നാക്കാനും ആ ഉദ്യോഗസ്ഥന്റെ കീഴിൽ ഹൈഡൽ, വിൻഡ്, പമ്പ്ഡ് സ്റ്റോറേജ്, സോളാർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി (വെർട്ടിക്കലുകൾ) പ്രോജക്ട് നടത്തിപ്പിനും അതുപോലെ ഫീൽഡിലുള്ള പ്രോജക്ട് എക്സിക്യൂഷനുമായി രണ്ട് ഉപവിഭാഗങ്ങൾ ആരംഭിക്കാനും തീരുമാനിച്ചത്. ഈ രണ്ട് ഉപവിഭാഗങ്ങളിലും സിവിൽ, ഇലക്ട്രിക്കൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ ഒരൊറ്റ ചീഫ് എൻജിനീയർ (പ്രോജക്റ്റ്സ്) ന്റെ കീഴിൽ പ്രവർത്തിക്കുന്നതാണ്. ചീഫ് എൻജിനീയർ (സിവിൽ) എന്ന തസ്തികയിലേക്ക് ഇപ്പോൾ പ്രമോഷൻ നൽകാൻ നിവൃത്തിയില്ലാത്ത സ്ഥിതിയാണ് ഉള്ളത്. ചീഫ് എൻജിനീയർ (സിവിൽ) പ്രമോഷൻ ആയി ഉദ്യോഗസ്ഥർ വരുന്ന മുറയ്ക്ക് എക്സിക്യൂഷൻ വിഭാഗം ചീഫ് എൻജിനീയർ (സിവിൽ) ലേക്ക് പൂർണ്ണമായും മാറ്റുന്നതാണ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് കീഴിലുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ വിഭാഗങ്ങളിൽ പ്രോജക്ട് രംഗത്ത് ഫീൽഡിൽ പോയി ജോലി ചെയ്യാൻ താല്പര്യം ഉള്ള എൻജിനീയർമാർക്ക് ഓപ്ഷൻ നൽകി അവരെ വിദഗ്ധ പരിശീലനത്തിന് അയക്കുകയും ഹൈഡൽ, പമ്പ്ഡ് സ്റ്റോറേജ്, സോളാർ, വിൻഡ്, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റ് തുടങ്ങിയ മേഖലകളിൽ നിരന്തരമായി പരിശീലനം നൽകി സ്ഥിരമായി പ്രോജക്ട് രൂപകൽപ്പന ചെയ്യാനും അവ നടപ്പാക്കാനും ആവശ്യമായ ഉന്നത മികവുള്ള മനുഷ്യവിഭവശേഷി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇപ്പോൾ നടത്തിയിരിക്കുന്ന പുനസംഘടന.
ഇപ്പോൾ മന്ദഗതിയിൽ മുന്നേറുന്ന പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതു കൂടാതെ മേൽപ്പറഞ്ഞ ലക്ഷ്യത്തിലേക്കുള്ള പദ്ധതികൾ അടുത്ത അഞ്ചു മുതൽ ഏഴ് വർഷത്തിനുള്ളിൽ തീർക്കുക എന്ന ലക്ഷ്യത്തിൽ കെ എസ് ഇ ബിക്ക് പ്രോജക്ടുകൾ ഏറ്റെടുക്കാൻ ഇപ്പോൾ നടത്തിയിട്ടുള്ള മാറ്റങ്ങൾ ഉപയുക്തമാകും എന്ന് പ്രതീക്ഷിക്കുന്നു.